വിസ്മയ വി. നായരെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കേസിന്‍റെ അന്വേഷണം വിലയിരുത്താന്‍ ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരി കൊല്ലത്തെത്തി. നിലമേൽ കൈതോട് കുളത്തിൻകര മേലതിലെ വിസ്മയയുടെ വീട്ടിലെത്തിയ ഐ.ജി കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വിസ്മയയുടെ കുടുംബത്തിന്‍റെ പരാതികളെല്ലാം പരിഗണിക്കുമെന്ന് ഐ.ജി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. വിസ്മയയുടെ മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തത വരാനുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.
കിരണിനെതിരായ പരാതി ഒതുക്കിതീർത്തെന്ന ആരോപണത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. കുടുംബം പരാതിപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയത് അന്വേഷിക്കും. പ്രതിക്കെതിരെ ചുമത്തിയത് കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ. സഹോദരനെ മർദ്ദിച്ചതിൽ പുനരന്വേഷണം ആവശ്യമാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ജനുവരി രണ്ടാം തിയതി കിരൺ കുമാർ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മർദ്ദിച്ച സംഭവം വീണ്ടും അന്വേഷിക്കണമെന്ന് പിതാവ് ത്രിവിക്രമൻ നായർ ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീർപ്പിലാക്കിയതെന്നാണ് ത്രിവിക്രമൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഭർതൃവീട്ടിൽ വിസ്മയ വി. നായരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് എസ്. കിരൺ കുമാർ റിമാൻഡിലാണ്. ഗാർഹിക പീഡനനിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. വീട്ടിലെത്തിച്ച് തെളിവെടുത്തു.
കൊല്ലം എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശൂരനാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കിരണിനെ കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി. രവി, ഡിവൈ.എസ്.പി പി. രാജ്കുമാർ എന്നിവർ ചോദ്യം ചെയ്തിരുന്നു.