മൂന്ന് രാജ്യസഭ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കേരളത്തില്‍ നിന്നുള്ള രാജ്യസഭ സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹാരിസ് ബീരാന്‍, പിപി സുനീര്‍, ജോസ് കെ മാണി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫില്‍ നിന്ന് പിപി സുനീറും ജോസ് കെ മാണിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹാരിസ് ബീരാന്‍ യുഡിഎഫ് പ്രതിനിധിയാണ്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് 3ന് അവസാനിച്ചിരുന്നു. മറ്റാരും പത്രിക സമര്‍പ്പിക്കാതിരുന്നതിനാലാണ് മൂന്ന് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സുപ്രീംകോടതി അഭിഭാഷകനും എറണാകുളം ആലുവ സ്വദേശിയും കെഎംസിസി ഡല്‍ഹി ഘടകം പ്രസിഡന്റുമാണ് ഹാരിസ് ബീരാന്‍.

എല്‍ഡിഎഫില്‍ നിന്നുള്ള രണ്ട് രാജ്യസഭ സീറ്റുകളും സിപിഎം ഘടകകക്ഷികള്‍ക്കാണ്. മുന്നണിയുടെ കെട്ടുറപ്പ് മുന്നില്‍ കണ്ടായിരുന്നു സിപിഎം തീരുമാനം. പൊന്നാനി സ്വദേശിയായ സുനീര്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവില്‍ ഹൗസിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് സുനീര്‍.

സിപിഐയെ കൂടാതെ കേരള കോണ്‍ഗ്രസ് എമ്മിനാണ് രണ്ടാമത്തെ രാജ്യസഭ സീറ്റ് നല്‍കിയത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തുക.