ടിക്കറ്റ് ബുക്ക് ചെയ്യാം, ഭക്ഷണവും വരുത്താം; റെയിൽവേയുടെ വരാൻ പോകുന്ന കിടിലൻ ആപ്പിൽ ഇവയെല്ലാം...

ഇന്ത്യൻ റെയിൽവേയുടെ പുതിയ ‘സൂപ്പർ ആപ്പ്’ ഉടൻ എത്തും! വിവിധ പാസഞ്ചർ സേവനങ്ങൾക്കായാണ് ‘സൂപ്പർ ആപ്പ്’ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുത്തിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ വാങ്ങൽ, ട്രെയിനുകളുടെ സമയക്രമവും തുടങ്ങി നിരവധി സേവനങ്ങൾ ആസ്വദിക്കാൻ ഈ പുതിയ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കും. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (CRIS) ആണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് ഹോട്ടൽ, ഹോം സ്റ്റേ ബുക്കിങിനും ട്രെയിനിലെ കാറ്ററിംഗ് സംവിധാനങ്ങൾക്കും ആപ്പ് വളരെയധികം ഉപയോഗപ്രദമാകും. നിലവിൽ ഉള്ള IRCTC ആപ്പിലും വെബ്‌സൈറ്റിലും റെയിൽ കണക്ട്, ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, റെയിൽവേ സഹായം, നാഷണൽ ട്രെയിൻ എൻക്വയറി തുടങ്ങിയ സംവിധാനങ്ങളുണ്ട്.

നിലവിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള അവകാശം IRCTC റെയിൽ കണക്ടിനാണ് ഉള്ളത്. 10 കോടിയിലധികം ആളുകൾ നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഈ ആപ്പ് വഴി ഏകദേശം 4270 കോടി രൂപയുടെ വരുമാനമാണ് ഇതിനോടകം റെയിൽവേയ്ക്ക് ലഭിച്ചിരിക്കുന്നത്. പുതിയ ആപ്പ് വരുന്നതോടെ ഈ വരുമാനം ഇനിയും വർധിപ്പിക്കാൻ സാധിക്കും എന്നാണ് ഇന്ത്യൻ റെയിൽവേ കണക്കാക്കുന്നത്. IRCTC യുടെ 2023-24 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം 1,111.26 കോടി രൂപ അറ്റാദായവും 4,270.18 കോടി രൂപ വരുമാനവും റെയിൽവേയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് ഏകദേശം മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ആപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിങിൽ നിന്നാണ് ലഭിച്ചത്.

നിലവിൽ ടിക്കറ്റ് ഇടപാടുകൾക്കായി IRCTC റെയിൽ കണക്റ്റ്, IRCTC ഇ-കാറ്ററിംഗ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്ബാക്കിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്ക് യുടിഎസ്, ട്രെയിൻ ട്രാക്കിംഗിനായി നാഷണൽ ട്രെയിൻ അന്വേഷണ സംവിധാനം എന്നിങ്ങനെ വിവിധ റെയിൽവേ സേവനങ്ങൾക്കായി വിവിധ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളുമാണ് ഉപഭോക്താക്കൾ ഉപയോഗിക്കുന്നത്. നിലവിൽ ട്രെയിൻ ബുക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്പിലുള്ള പ്രശ്നങ്ങൾ പ്രശ്‌നങ്ങൾ ഒഴിവാക്കി ആധുനിക സംവിധാനത്തോടെയാണ് പുതിയ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് പ്രവർത്തന സജ്ജമാകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. 2025ൽ പുതിയ ആപ്പ് പൊതുജനങ്ങൾക്കായി അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. വരുമാനം വർധിപ്പിക്കാനുള്ള വഴിയായും ആപ്പിനെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും റെയിൽവേയ്ക്കുണ്ട്.

Read more