ജോലിക്ക് കോഴ ആരോപണത്തെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കോണ്‍ഗ്രസ് നേതാവും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറര്‍ മണിച്ചിറക്കല്‍ വീട്ടില്‍ എന്‍ എം വിജയന്‍ (78), മകന്‍ ജിജേഷ് (38) എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭ കൗണ്‍സിലര്‍, സര്‍വിസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ എന്‍.എം. വിജയന്‍ പ്രവര്‍ത്തിച്ചിരുന്നു.
ബത്തേരിയില്‍ കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന സഹകരണ സ്ഥാപനങ്ങളില്‍ നിയമനവുമായി ബന്ധപ്പെട്ട് നേതാക്കളില്‍ ചിലര്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയതായി ആരോപണമുണ്ടായിരുന്നു.
കോഴ നല്‍കിയിട്ടും ജോലി കിട്ടാതായതോടെ ചിലര്‍ പണം തിരിച്ചുകിട്ടാനായി ഡിസിസി ട്രഷററായ എന്‍ എം വിജയനെയും മറ്റു നേതാക്കളെയും കണ്ട് പരാതി പറഞ്ഞിരുന്നു. ഇതിനിടെയാണ് വിജയനും മകനും ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് എന്‍ എം വിജയനെയും ജിജേഷിനെയും വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ വീടിനകത്ത് കണ്ടെത്തിയത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളി വൈകിട്ട് അഞ്ചിനാണ് ജിജേഷ് മരിച്ചത്. രാത്രി ഒമ്പതരതോടെ വിജയനും മരിച്ചു.