തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഇത് സംബന്ധിച്ച് സഭയുമായി ബന്ധപ്പെട്ട അടിസ്ഥാന രഹിതമാണെന്നും സ്ഥാനാര്‍ത്ഥിയെ കുറിച്ച് മറ്റൊന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് സിപിഎം അംഗമാണ്. ജനങ്ങള്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും സഹതാപം വോട്ടാകുന്ന കാലം കഴിഞ്ഞുവെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫ് പാര്‍ട്ടി മെഡിക്കല്‍ വിഭാഗം, പ്രോഗ്രസീവ് ഡോക്ടേഴ്‌സ് ഫോറം എന്നിവയിലെ അംഗമാണ്. വാഴക്കാല സ്വദേശിയായ ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ‘ഹൃദയപൂര്‍വ്വം ഡോക്ടര്‍’ എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മെയ് 31നാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.