യൂത്ത് കോണ്‍ഗ്രസിനെ 'ഊത്ത്' കോണ്‍ഗ്രസെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ആരോപണം; വിശദീകരണവുമായി അരുണ്‍ കുമാര്‍; റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി പ്രവര്‍ത്തകര്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ അധിക്ഷേപിച്ചുവെന്ന് പരാതി. റിപ്പോര്‍ട്ടര്‍ ടിവിയുടെ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററും അവതാരകനുമായ ഡോ. അരുണ്‍ കുമാര്‍ യൂത്ത് കോണ്‍ഗ്രസിനെ ‘ഊത്ത്’ കോണ്‍ഗ്രസ് എന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസിനെ ഊത്ത് കോണ്‍ഗ്രസ് എന്ന് അരുണ്‍കുമാര്‍ ആക്ഷേപിച്ചെന്നും ഈ സമയം മറ്റു എഡിറ്റോറിയല്‍ ടീമംഗങ്ങളായ ഉണ്ണി ബാലകൃഷ്ണനും, സ്മൃതി പരുത്തിക്കാടും ചേര്‍ന്ന് അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതിനെ വിലക്കിയെന്നുമാണ് ആരോപണം.

അതേസമയം മീറ്റ് ദ എഡിറ്റേഴ്സിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തും വിധം പറഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ടെന്നു തെറ്റിദ്ധാരണയുണ്ടാകും വിധം വീഡിയോ എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുന്നതാണന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അതിനിടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശ്ശേരിയിലെ കോര്‍പറേറ്റ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തി. ചാനലിന്റെ കോമ്പൗണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മീറ്റ് ദ എഡിറ്റേഴ്‌സിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തും വിധം പറഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് എന്ന് യൂത്ത് കോണ്‍ ഭാരവാഹികളായ സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ട്.

Read more

ആ ചര്‍ച്ച മുഴുവനായും താഴെ കമെന്റ് ബോക്‌സില്‍ ലിങ്കില്‍ കാണാം, ചില നിലപാടുകളോട് വിയോജിക്കുമ്പോഴും ആ സംഘടനയെയോ മറ്റു യുവജന സംഘടനകളെയോ ആക്ഷേപിക്കുക എന്റെ/ ഞങ്ങളുടെ നയമല്ല. തെറ്റിദ്ധാരണയുണ്ടാകും വിധം വീഡിയോ എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുന്നതാണ്.