കോഴിക്കോട് ആവിക്കല്‍ തോടിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് എതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിന് എതിരെ ജനകീയ സമര സമിതി. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ സമരം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.സമരത്തെ തീവ്രവാദ മുദ്രകുത്താനുള്ള സര്‍ക്കാര്‍ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ജനകീയ സമര സമിതി വ്യക്തമാക്കി.
മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. രാത്രി ഏറെ വൈകിയും നൂറ് കണക്കിന് സമര സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സമരത്തെ എങ്ങനെ വിശേഷിപ്പിച്ചാലും പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതി നേതാക്കള്‍ അറിയിച്ചത്.
നിലവില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് സമര സമിതി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം പദ്ധതി നടപ്പാക്കുന്ന പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്നിരുന്ന ഇരുമ്പുമറകള്‍ കരാറുകാര്‍ തന്നെ തിരിച്ചു കൊണ്ടു പോയി.
Read more
സമരത്തില്‍ വിവിധ രാഷ്ട്രീയ മത വിഭാഗങ്ങളില്‍ നിന്നുള്ളവരെ അണി നിരത്തിക്കൊണ്ടാണ് സമരക്കാര്‍ പ്രതിരോധിക്കുന്നത്. നേരത്തെ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദും സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് ആരോപിച്ചിരുന്നു.