വിവിധ ആശയങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം. ആശാ വര്‍ക്കര്‍മാര്‍ നടത്താനിരിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആരോപണം ഉയരുന്നത്. സെക്രട്ടറിയേറ്റ് ഉപരോധം നിശ്ചയിച്ചിരുന്ന ദിവസം പരിശീലന പരിപാടി തീരുമാനിച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ആക്ഷേപം ഉയരുന്നത്.
മാര്‍ച്ച് 17ന് ആണ് ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതേ ദിവസം സംസ്ഥാന സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് പരിശീലന പരിപാടി നിശ്ചയിച്ചതിലാണ് നിലവില്‍ പ്രതിഷേധം ഉയരുന്നത്. പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പരിശീലനമാണ് നിശ്ചയിച്ചിരിക്കുന്നത്.
എല്ലാ ആശമാരും പങ്കെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് വരെയാണ് പരിശീലനം. അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്.