രാജ്യത്ത് ഇന്ധനവില കുത്തനെ വർദ്ധിക്കുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തിയെന്ന് ബിജെപി പറഞ്ഞിട്ടില്ല. അഞ്ചുവര്‍ഷം കൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നമല്ല ഇത്. പെട്രോള്‍-ഡീസല്‍ വിലയില്‍ പരിഹാരമുണ്ടാവുമെന്നും കണ്ണന്താനം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
‘ഇന്ധനവില വർദ്ധന അംഗീകരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു പ്രശ്‌നമാണ്. എനിക്കും പ്രശ്‌നമാണ്. ഇതൊന്നും പ്രശ്‌നമല്ലെന്ന് പറയുന്നില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. കോണ്‍ഗ്രസും എല്ലാവരും കൂടി ഭരിച്ചിട്ട് ഇവിടെ എല്ലാം കൂടി കുളമാക്കിയിട്ടിരിക്കുകയായിരുന്നു. അത് നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ചുവർഷം കൊണ്ടോ തീര്‍ക്കാന്‍ പറ്റില്ല. കുറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ഉണ്ടാക്കി. ഇനി അടുത്ത സ്റ്റേജിലേക്ക് നമ്മള്‍ പോവും. പെട്രോളിന്റെ വില ഒരു പ്രശ്‌നമാണ് അതിന് പരിഹാരം ഉണ്ടാക്കണം,’ കണ്ണന്താനം പറഞ്ഞു.
സിപിഐഎം- ആര്‍എസ്എസ് ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ശങ്കറിന്റെ ആരോപണങ്ങളും കണ്ണന്താനം നിഷേധിച്ചു. സീറ്റ് കിട്ടാത്ത വേദന കൊണ്ടാണ് ബാലശങ്കര്‍ ആരോപണം ഉന്നയിക്കുന്നത്. പാര്‍ട്ടി വളര്‍ത്തിയ ബാലശങ്കറിന്റെ ഭാഗത്ത് നിന്ന് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവാന്‍ പാടല്ലായിരുന്നു എന്നും കണ്ണന്താനം പറഞ്ഞു.