പത്തനംതിട്ടിയില്‍ കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തില്‍ സജീവമായതോടെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കരുനീക്കം. തനിക്ക് പത്തനംതിട്ടയില്‍ മത്സരിക്കുന്നതിന് താത്പര്യമുണ്ടെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം നേരിട്ട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എം ടി രമേശിനും ഈ സീറ്റിന് താത്പര്യമുണ്ട്.
പത്തനംതിട്ടിയില്‍ കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്ന അഭിപ്രായം ശക്തമായതോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന് മനംമാറ്റം വന്നിരിക്കുന്നത്. ശ്രീധരന്‍പിള്ളയ്ക്കും പത്തനംതിട്ടയില്‍ മത്സരിക്കാനായിരുന്നു താത്പര്യം. രാഷ്ട്രീയപരമായി ബിജെപിയെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രധാന്യമുള്ള മണ്ഡലമാണ് പത്തനംതിട്ട. അതിനാല്‍ തന്നെ കെ. സുരേന്ദ്രന് അനുകൂലമായിട്ടാണ് കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിക്കുക എന്ന സൂചനയുണ്ട്. അതേസമയം നേതാക്കള്‍ കൂട്ടത്തോടെ പത്തനംതിട്ടയില്‍ മത്സരിക്കുന്നതിന് അവകാശം ഉന്നയിക്കുന്നതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ സിനിമാ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി മത്സരിച്ചേക്കും. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പത്തനംതിട്ടയില്‍ ഇത്തവണ ബിജെപിക്കായി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജനവിധി തേടിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള മത്സരിക്കുന്നതിനോട് പ്രതികൂലമായിട്ട് പ്രതികരിച്ചിരിക്കുന്നത്.