കേരളത്തില്‍ ഏറെ ആരാധകരുള്ള കാട്ടാനയാണ് അരിക്കൊമ്പന്‍. കയ്യില്‍ ടാറ്റു ചെയ്തും, സ്വന്തം ബസിന് അരിക്കൊമ്പന്‍ എന്ന പേര് നല്‍കിയും അരിക്കൊമ്പനോടുള്ള ആരാധന കാണിച്ചവരാണ് മലയാളികൾ. ഇപ്പോഴിതാ അരിക്കൊമ്പന്റെ ആരാധകര്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ തന്നെ രൂപീകരിച്ചിരിക്കുകയാണ്. ചിന്നക്കനാലില്‍ നിന്ന് മാറ്റിയ അരിക്കൊമ്പന്റെ പേരില്‍ അണക്കരയിലാണ് ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്.
അണക്കര ബി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ ആണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്. കാട് അത് മൃഗങ്ങള്‍ക്കുള്ളതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. അരിക്കൊമ്പന്റെ ആവാസ വ്യവസ്ഥയില്‍ മനുഷ്യൻ കടന്നു കയറുകയും ആനയെ പിടികൂടി നാടുകത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാൻസ് അസോസിയേഷന്റെ രൂപീകരണത്തിന് പിന്നിലെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. പെരിയാറിലേക്ക് മാറ്റിയതില്‍ നിരവധിയാളുകളാണ് പ്രതിഷേധം അറിയിച്ചത്.