ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ 16 കുറ്റങ്ങളാണ് പ്രതി അസഫാക് ആലത്തിനെതിരെ ചുത്തിയിരിക്കുന്നത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്‌സോ കോടതി വിധി പ്രസ്താവിക്കുന്നത്.
സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത് ജൂലൈ 28ന് ആയിരുന്നു. ആലുവയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയെ കാണാനില്ലെന്ന വാര്‍ത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. തുടര്‍ന്ന് ആലുവ മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് വയസുകാരിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന സ്ഥിരീകരണവും ഉണ്ടായി.
തലേ ദിവസം രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന പ്രതിയുമായി ആലുവ മാര്‍ക്കറ്റിലെത്തി പൊലീസ് മൃതദേഹം പുറത്തെടുത്തു. പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്ന പ്രതി ജ്യൂസ് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയ്ക്ക് മദ്യം നല്‍കിയ ശേഷമാണ് ബലാത്സംഗം നടത്തിയത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ച് മുഖം വികൃതമാക്കിയ ശേഷം മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ ഒളിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗ കേസില്‍ പ്രതി മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കോടതി വിധി പറയുന്നത്.