എൻസിപി അജിത് പവാർ പക്ഷത്തേക്ക് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ആരോപണം വാസ്തവ വിരുദ്ധമാണ്. ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിത്. എന്നും ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും കുഞ്ഞുമോൻ പറഞ്ഞു.
പുറത്തു വന്ന വാർത്തയിൽ സമഗ്രമായ അന്വേഷണം വേണം. അർഹിച്ചതൊന്നും തനിക്കും തൻറെ പാർട്ടിക്കും കിട്ടിയിട്ടില്ല. ആരും ഓല പാമ്പ് കാട്ടി വിരട്ടണ്ട. ഒരു വാഗ്ദാനത്തിന്റേയും പുറകെ പോകുന്ന ആളല്ല. യുഡിഎഫ് പല വാഗ്ദാനങ്ങളും തന്നു. പക്ഷേ അവർക്കൊപ്പം പോയില്ല. മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിരുന്നു. കൊട്ടാരക്കര വച്ച് അദ്ദേഹത്തെ കണ്ടു. ഒരു കൂടിക്കാഴ്ചയ്ക്കും പോയിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും കോവൂർ കുഞ്ഞുമോൻ വ്യക്തമാക്കി.
തോമസ് കെ തോമസ് രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ 50 കോടി രൂപ വാഗ്ദാനം ചെയ്തെനന്നായിരുന്നു ആരോപണം. ആരോപണത്തെ തുടർന്നാണ് എൻസിപി (ശരദ് പവാർ) നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിന് മുഖ്യമന്ത്രി ക്യാബിനറ്റ് പദവി നിഷേധിച്ചതെന്ന് ആയിരുന്നു പുറത്ത് വന്ന റിപോർട്ടുകൾ. അതേസമയം ആരോപണം ശക്തമായി നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
നിയമസഭയിലെ തങ്ങളുടെ പാർട്ടികളുടെ ഏക പ്രതിനിധികളായ ജനാതിപത്യ കേരള കോൺഗ്രസിലെ ആൻ്റണി രാജുവിനും ആർഎസ്പി-ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം. ബിജെപിയുടെ സഖ്യകക്ഷിയായ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിലേക്ക് അവരെ പ്രേരിപ്പിക്കാനാണ് ഈ ഓഫർ വാഗ്ദാനം ചെയ്തത്.