ബാബറി മസ്ജിദ് പൊളിച്ചതുപോലെ ജ്ഞാന്‍വാപി പള്ളിയും പൊളിക്കാന്‍ ശ്രമിക്കുന്നു; ഇന്ത്യയെ ചുട്ടെരിക്കാനാണ് ബിജെപി പദ്ധതിയെന്ന് എഎം ആരിഫ് എംപി

മണിപ്പുരിനെയും ഹരിയാനയെയുംപോലെ ഇന്ത്യയെയും ചുട്ടെരിക്കാനാണ് ബിജെപി പദ്ധതിയെന്ന് എ എം ആരിഫ് എംപി. ബാബറി മസ്ജിദ് പൊളിച്ചതുപോലെ ഇപ്പോള്‍ ജ്ഞാന്‍വാപി പള്ളിയും പൊളിക്കാന്‍ ശ്രമിക്കുന്നു. വോട്ടിനുവേണ്ടി രാജ്യത്തെ കത്തിക്കാന്‍ ഇവര്‍ക്ക് മടിയില്ലെന്നും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു്

മണിപ്പുര്‍ ഭരണം ഏറ്റെടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് സുപ്രീംകോടതിയെ നയിച്ചത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്നും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ആരിഫ് പറഞ്ഞു. പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ‘ഇന്ത്യ’ എന്ന പേര് കേള്‍ക്കുമ്പോള്‍ അസഹിഷ്ണുതയാണെന്നും ആരിഫ് പറഞ്ഞു.

Read more

പാര്‍ലമെന്റ് മന്ദിരത്തിലെ തന്റെ മുറിയില്‍ ബിജെപി അംഗങ്ങളെ വിളിച്ചുചേര്‍ത്ത് രാജ്യത്തെ വിഭജിച്ച് വരുന്ന തെരഞ്ഞെടുപ്പ് എങ്ങനെ ജയിക്കാം എന്നാണ് പ്രധാനമന്ത്രി ആലോചിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ പാര്‍ലമെന്റില്‍ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം.
മണിപ്പൂര്‍ കത്തുന്ന സമയത്ത് ഫ്രാന്‍സില്‍ ചെന്ന് ലോകസമാധാനത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചു. പൗരത്വ നിയമ ഭേദഗതി ബില്‍പോലെ ഏക സിവില്‍ കോഡ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം.