ശബരിമല യുവതീപ്രവേശനത്തില്‍ വിവാദ പരാമര്‍ശവുമായി എ. എം ആരിഫ് എം.പി. ശബരിമലയില്‍ യുവതികള്‍ കയറിയതിന്റെ പാപഭാരം സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തലയില്‍ വെച്ചു കെട്ടാനുള്ള ദുഷ്പ്രചാരണങ്ങളാണ് നടന്നതെന്ന് ആരിഫ് പറഞ്ഞു. കനകദുര്‍ഗ്ഗയെ പോലുള്ള യുവതി യഥാര്‍ത്ഥ ഭക്തയാണോ എന്ന് എനിക്ക് തോന്നിയിരുന്നെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു.
“കനകദുര്‍ഗ്ഗയെ പോലുള്ള യുവതി യഥാര്‍ത്ഥ ഭക്തയാണോ എന്ന് എനിക്ക് തോന്നിയിരുന്നു. കാരണം,…ശാന്തി, സമാധാനം, മാനസികമായ പിരിമുറുക്കങ്ങള്‍, എന്നിവ ഇല്ലാതെ സമ്പൂര്‍ണമായി മനസ്സും ദൈവത്തില്‍ സമര്‍പ്പിച്ച് അങ്ങേയറ്റത്തെ വിശ്വാസത്തോടം സമാധാനത്തോടും കൂടിയാണ് ഒരു ഭക്ത, ആരാധനാലയങ്ങളില്‍ എത്തിച്ചേരേണ്ടത് എന്ന് ഭഗവദ്ഗീതയില്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍ സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസ്സുമായി പോയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്നു പോലും അന്വേഷിക്കേണ്ടി ഇരിക്കുന്നു”- ആരിഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എ എം ആരിഫ് എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ശബരിമല വിഷയത്തില്‍ എന്റേതെന്ന രൂപത്തില്‍ മലയാള മനോരമയുടെ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. ശ്രീ.എം.കെ.പ്രേമചന്ദ്രന്‍ ശബരിമലയിലെ യുവതി പ്രവേശനത്തെ സംബന്ധിച്ച്, സുപ്രീം കോടതി വിധിക്ക് മുമ്പായിട്ടുള്ള തല്‍സ്ഥിതി തുടരണം എന്ന് പറഞ്ഞുകൊണ്ടുള്ള സ്വകാര്യ ബില്ല് ഈ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരണ അനുമതി തേടിയിരുന്നു. അനുമതി നല്‍കി, അതില്‍മേല്‍ ഉള്ള ചര്‍ച്ച ഉണ്ടോ ഇല്ലയോ എന്ന് സ്പീക്കറുടെ അറിയിപ്പ് വന്നിട്ടില്ല.
അത് 12 -ാം തീയ്യതിയാണ് വരുന്നത്. അത് ചര്‍ച്ചക്ക് വന്നാല്‍ത്തന്നെ ഗവണ്‍മെന്റാണ് ആണ് ആദ്യം നയം വ്യക്തമാക്കേണ്ടത്. അതിനു ശേഷം ഓരൊ അംഗങ്ങള്‍ക്കും സംസാരിക്കാം, സംസാരിക്കാതിരിക്കാം. അപ്പോള്‍ അനുകൂലിച്ചൊ, പ്രതികൂലിച്ചൊ, സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചാല്‍ അവസരം കിട്ടും. എതിര്‍ക്കാതിരുന്നാല്‍ അതിനെ അനുകൂലിച്ചു എന്ന് വ്യാഖ്യാനിക്കാം. ആ വാര്‍ത്ത പക്ഷേ പറയണ്ടത് 12-ാം തീയ്യതിക്ക് ശേഷമാണ്. ഇപ്പോഴെ അതേക്കുറിച്ച്, അനുകൂലിച്ചു എന്ന പ്രചരണം വസ്തുതാപരമായി ശരിയല്ല.
ഇത് സംബന്ധിച്ചു നേരത്തേതന്നെ എന്റെയും എന്റെ പാര്‍ട്ടിയുടെയും നയം വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല യുവതീ പ്രവേശനത്തിന്റെ പരാതിക്കാര്‍ ഞങ്ങളല്ല, ആര്‍എസ്എസുകാരാണ്. വിധി പറഞ്ഞപ്പോള്‍ തന്നെ ആ വിധിയെ സ്വാഗതം ചെയ്തത് ബിജെപിയും കോണ്‍ഗ്രസുമാണ്. പിന്നീട് കുറച്ച് പേര്‍ പ്രതിഷേധം സംഘടിപ്പിച്ചു രംഗത്ത് വന്നപ്പോള്‍ ആര്‍എസ്എസും കോണ്‍ഗ്രസും അതില്‍ നിന്നും പിന്‍മാറി. എന്നാല്‍ ഗവണ്‍മെന്റാകട്ടെ എഐസിസിയും ആര്‍എസ്എസും നേരത്തെ എടുത്ത പോലെയുള്ള, പഴയ നിലപാടില്‍ തന്നെ ഉറച്ചു നിന്നു.
പക്ഷേ ഗവണ്‍മെന്റോ ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന പ്രസ്ഥാനങ്ങളോ അവരുടെ സ്വാധീനം ഉപയോഗിച്ചു കൊണ്ട്, ഒരു യുവതിയേയും കയറ്റാന്‍ ശ്രമിച്ചിട്ടില്ല, ആഹ്വാനവും ചെയ്തിട്ടില്ല. അത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. അപ്രകാരം ഒരു ആഹ്വാനം ഉണ്ടായിരുന്നുവെങ്കില്‍ നിരവധി യുവതികള്‍ അവിടെ കയറുവാന്‍ പരിശ്രമം നടത്തുമായിരുന്നു. വിശ്വാസികളുടെ വിശ്വാസം,സംരക്ഷിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. അതുകൊണ്ടാണ് അക്കൂട്ടത്തില്‍ ഒരു യുവതി പോലും ശബരിമലയില്‍ കയറാതിരുന്നത്. കനക ദുര്‍ഗ്ഗയെ പോലുള്ള യുവതി യഥാര്‍ത്ഥ ഭക്തയാണോ എന്ന് എനിക്ക് തോന്നിയിരുന്നു. കാരണം,…ശാന്തി,സമാധാനം, മാനസികമായ പിരിമുറുക്കങ്ങള്‍, എന്നിവ ഇല്ലാതെ സമ്പൂര്‍ണ്ണമായി മനസ്സും ദൈവത്തില്‍ സമര്‍പ്പിച്ച് അങ്ങേയറ്റത്തെ വിശ്വാസസമാധാനത്തോടുകൂടി ആണ് ഒരു ഭക്ത,ആരാധനാലയങ്ങളില്‍ എത്തിച്ചേരേണ്ടത് എന്ന് ഭഗവദ് ഗീതയില്‍ അനുശാസിക്കുന്നു. സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി പോയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടി ഇരിക്കുന്നു. അത്തരത്തില്‍ കയറിയ ആളുകളുടെ പാപഭാരം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും തലയില്‍ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങളാണ്, സര്‍ക്കാരിന് ഒരു പങ്കുമില്ലാത്ത കാര്യത്തില്‍ ആര്‍എസ്എസും കോണ്‍ഗ്രസ്സും, നടത്തിയത്.
അവിടെ തടസ്സങ്ങള്‍ ഇല്ലാത്തതു കൊണ്ട് അവര്‍ അവിടെ കയറി പോയി.ഒരു പക്ഷെ എല്ലാ തടസ്സങ്ങളും സൃഷ്ടിച്ചവര്‍ പോലും ആ ദിവസം തടസ്സപെടുത്താന്‍ ശ്രമിക്കാത്തത് എന്ത് കൊണ്ടെന്ന് അറിയില്ല. അവിടെ,അയ്യപ്പപ്രതിഷ്ഠക്ക് മുമ്പില്‍ ആചാരം ലംഘിച്ചു നിന്ന, തില്ലങ്കേരിയെ പോലുള്ളവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ല എന്നതില്‍ നിഗൂഢത ഉണ്ടോയെന്ന് സംശയം തോന്നിയിരുന്നു.
തിരഞ്ഞെടുപ്പില്‍ ഇത് ആയുധമാക്കി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. അതിനാല്‍ വീണ്ടും ഈ വിഷയം ലൈവാക്കി നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടുവാന്‍ കഴിയുമോ എന്ന ആലോചനയിലാണ് ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
ഞാന്‍ എന്നല്ല പാര്‍ലമെന്റിലെ ഒരു അംഗവും നയം വ്യക്തമാക്കിയിട്ടില്ല. ബിജെപി ഗവണ്‍മെന്റ് നയം വ്യക്തമാക്കട്ടെ. എന്നിട്ടേ മറ്റ് അംഗങ്ങള്‍ അഭിപ്രായം പറയേണ്ടി വരുന്നുള്ളു .