ആമയൂർ കൂട്ടക്കൊലക്കേസിലെ പ്രതി റജികുമാറിൻ്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഇത്രയും കാലത്തെ ജയിൽവാസത്തിലൂടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. പ്രതി ജീവിതാവസാനം വരെ ജയിലിൽ തുടരണമെന്നും കോടതി നിദേശിച്ചു.
2008 ജൂലായ് മാസത്തിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഭാര്യ ലിസി, മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് കേസ്. ഘട്ടംഘട്ടമായാണ് പ്രതി കൃത്യം നടത്തിയിരുന്നത്. കൊലപാതക ശേഷം മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ല പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയുമായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി കഴുത്തിൽമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. കൊലപാതകത്തിന് മുമ്പ് മൂത്തമകൾ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു.
Read more
2009ലാണ് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി നടരാജൻ വധശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി 2014ൽ കീഴ്ക്‌കോടതി വിധി ശരിവയ്ക്കുകയായിരുന്നു. കേസിൽ ഒരു ദൃക്‌സാക്ഷി പോലുമില്ല. പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് തെറ്റാണ്. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് മാനസാന്തര സാദ്ധ്യത പോലും കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയും വിചാരണക്കോടതിയും ശിക്ഷ വിധിച്ചതെന്നും അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.