വയനാട്ടിലെ ആദിവാസി മേഖലയില്‍ അനുമതിയില്ലാതെ ആര്‍ത്തവ സംബന്ധമായ ആരോഗ്യ പരീക്ഷണം നടന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.
നേരത്തെ സംഭവം പുറത്തുവന്നതിന് പിന്നാലെ ആരോഗ്യ വകുപ്പും പട്ടിക ജാതി ക്ഷേമ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഏപ്രില്‍ 8ന് സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
വയനാട് തലപ്പുഴ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജില്‍ നടന്ന ഒരു സെമിനാറിനെ തുടര്‍ന്ന് അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബ് ആണ് ആദിവാസി ഊരുകളില്‍ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണം നടത്താനായി എത്തിയതെന്നാണ് വിവരം. മാര്‍ച്ച് 20 മുതല്‍ 22 വരെ ഉദ്യമ എന്ന പേരിലായിരുന്നു സെമിനാര്‍.
ഇതിന് പിന്നാലെയാണ് സ്ത്രീകളിലെ ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഡിവൈസിന്റെ പരീക്ഷണം എന്ന തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് സംഭവത്തില്‍ അന്വേഷണ ചുമതല.
Read more
വിരലില്‍ അണിയാവുന്ന ഇലക്ട്രോണിക് ഉപകരണം ആര്‍ത്തവ ചക്രത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. ആദിവാസി ഊരുകളില്‍ ഉപകരണത്തിന്റെ പരീക്ഷണം നടത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നാണ് സൂചന. എന്നാല്‍ ഊരുകളില്‍ ഉപകരണം വിതരണം ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.