അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴമ്പില്ല; എഡിജിപി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്; പൊലീസ് മേധാവിയാകാനുള്ള തടസം നീങ്ങി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് റിപ്പോര്‍ട്ട്. വീട് നിര്‍മാണം, ഫ്‌ലാറ്റ് വാങ്ങല്‍ എന്നിവയില്‍ അഴിമതി നടന്നിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

അജിത് കുമാറിന്റെ കവടിയാറിലെ ആഡംബര വീട് നിര്‍മാണത്തിലും ഫ്‌ലാറ്റ് വാങ്ങി മറിച്ച് വിറ്റതിലും ക്രമക്കേട് ഉണ്ടെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. എന്നാല്‍ വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.

വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലയ്ക്ക് മറിച്ചുവിറ്റത് കരാര്‍ ആയി എട്ടു വര്‍ഷത്തിന് ശേഷമാണു ഫ്‌ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവര്‍ധനയാണ് ഫ്‌ളാറ്റിന് ഉണ്ടായതെന്നും ആണ് വിജിലന്‍സ് കണ്ടെത്തിയത്.

Read more

ഇന്നലെയാണ് റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവി യോഗേഷ്ഗുപ്ത സര്‍ക്കാറിന് സമര്‍പ്പിച്ചത്. പൂരം അലങ്കോലമാക്കിയ കേസില്‍ ക്രൈംബ്രാഞ്ച് നേരത്തേ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ, കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത്ത് കുമാറിന് ലഭിച്ചെന്നുമായിരുന്നു മറ്റൊരാരോപണം. എന്നാല്‍, സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.