അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച അഞ്ചുവയസുകാരിയ്‌ക്കൊപ്പം പുഴയില്‍ കുളിച്ച നാല് കുട്ടികളുടെയും പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂര്‍ സ്വദേശിനിയായ അഞ്ച് വയസുകാരിയ്‌ക്കൊപ്പം കടലുണ്ടിപ്പുഴയില്‍ കുളിച്ച കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. കുട്ടികളെ രണ്ട് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെയ് ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയില്‍ കുളിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ പനിയും തലവേദനയും ആരംഭിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യ നില വഷളായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കടലുണ്ടി പുഴയില്‍ നിന്നാണ് കുട്ടിയ്ക്ക് വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പും പഞ്ചായത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിനും പഞ്ചായത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.