പാര്‍ട്ടിയ്ക്ക് വേണ്ടി വിധിയോടും പോരാടിയ വിപ്ലവകാരി; ജ്വലിക്കുന്ന ചെന്താരകമായി പുഷ്പന്‍

മേനപ്രം എല്‍പി സ്‌കൂളിലെ അധ്യാപകന്‍ പിഎന്‍ ഭാസ്‌കരന്‍ മാസ്റ്ററുടെ മകന്‍ പുഷ്പന്‍ അതേ സ്‌കൂളില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ഭാസ്‌കരന്‍ മാസ്റ്ററുടെ മകന്‍ ആണ്ടിപീടികയിലെ കടയില്‍ ജോലിക്ക് കയറി. ദാരിദ്ര്യം പുഷ്പനെ അവിടെ നിന്ന് ബംഗളൂരുവിലെത്തിച്ചു. നാട്ടുകാരന്റെ പലവ്യഞ്ജന കടയില്‍ ജോലി നേടി.

ബംഗളൂരുവിലെ കടയില്‍ ജോലി നോക്കുന്നതിനിടയിലാണ് പുഷ്പന്‍ നോര്‍ത്ത് മേനപ്ര ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് പിന്നാലെ പാര്‍ട്ടി അംഗമാകുന്നു. പുഷ്പന്‍ അവധിയ്ക്ക് നാട്ടിലെത്തുമ്പോഴേക്കും
സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ ചൂടിലായിരുന്നു പാര്‍ട്ടി.

സിപിഎമ്മില്‍ നിന്ന് പുറത്തുപോയ എംവിആറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പര്യാരം മെഡിക്കല്‍ കോളേജിനെതിരെ ഡിവൈഎഫ്ഐ സമരം ശക്തമാക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം എംവിആര്‍ കൂത്തുപറമ്പ് സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തുന്നുവെന്നും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിക്കാന്‍ പോകുന്നുവെന്നും പുഷ്പനോട് പറഞ്ഞത് മേനപ്രയിലെ സഖാക്കളായിരുന്നു. 24കാരനായ പുഷ്പന്‍ രണ്ടാമത് ഒന്ന് ചിന്തിക്കാതെ താനും വരുന്നുണ്ടെന്ന് അറിയിച്ചു.

1994 നവംബര്‍ 25ന് അമ്മ ലക്ഷ്മി ഉണ്ടാക്കിക്കൊടുത്ത കപ്പയും കട്ടനും കഴിച്ച് പുഷ്പനും വീട്ടില്‍ നിന്നിറങ്ങി. പുഷ്പന്‍ ഉള്‍പ്പെടെ 12 സഖാക്കള്‍ ചൊക്ലി വില്ലേജില്‍ നിന്ന് മാരാങ്കണ്ടി ജുമാ മസ്ജിദ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ജീപ്പില്‍ കൂത്തുപറമ്പിലേക്ക് പുറപ്പെട്ടു. സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എന്‍ രാമകൃഷ്ണന്‍ പരിപാടിയില്‍ നിന്ന് പിന്‍വാങ്ങി.

എന്നാല്‍ എംവിആര്‍ പിന്തിരിയാന്‍ തയ്യാറായില്ല. രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂത്തുപറമ്പില്‍ തടിച്ചുകൂടിയിരുന്നു. 11.55ഓടെ പൊലീസ് സംരക്ഷണത്തില്‍ എംവിആര്‍ എത്തി. ഇതോടെ മുദ്രാവാക്യം മുഴക്കി ഇരമ്പിയെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രവര്‍ത്തകര്‍ ചിതറിയോടി.

ഓടി മാറിയവര്‍ക്കിടയിലൂടെ മന്ത്രിയുടെ വാഹനം കടന്നുപോയി. പൊലീസിന്റെ സുരക്ഷ വലയത്തിനുള്ളില്‍ എംവിആര്‍ നിലവിളക്ക് കൊളുത്തി ബാങ്ക് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് സിപിഎമ്മിനെ വിമര്‍ശിച്ചും പരിഹസിച്ചും 13 മിനുട്ട് നീണ്ട എംവിആറിന്റെ പ്രസംഗം. ലാത്തിച്ചാര്‍ജും പൊലീസിന്റെ ആക്രോശവും ആയിരുന്നില്ല പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. ജീവാത്മാവും പരമാത്മാവുമായി തങ്ങള്‍ കണ്ട പാര്‍ട്ടിയെ കടന്നാക്രമിച്ച എംവിആര്‍ ആയിരുന്നു പ്രവര്‍ത്തകരില്‍ പ്രകോപനം സൃഷ്ടിച്ചത്.

പൊലീസിന്റെ സുരക്ഷ വലയത്തിലൂടെ പുറത്തിറങ്ങിയ മന്ത്രി തിരികെ കണ്ണൂരിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അണപൊട്ടിയ പാര്‍ട്ടി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസിന് ആദ്യം കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. പിന്നാലെ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിര്‍ത്തു.

നെറ്റിയില്‍ വെടിയേറ്റുവീണ പാനൂരിലെ കെകെ രാജീവിനെ പുഷ്പന്‍ ചേര്‍ത്തുപിടിച്ചു. പിന്നാലെ പുഷ്പന്റെ കഴുത്തിലും പൊലീസ് ബുള്ളറ്റ് തുളച്ചുകയറി. പുഷ്പനെ കൂടാതെ ഷിബുലാല്‍, ബാബു, മധു, റോഷന്‍ എന്നിവരും വെടിയേറ്റുവീണു. ചോരയില്‍ കുതിര്‍ന്നുകിടന്ന പ്രിയപ്പെട്ട സഖാക്കളെ സഹപ്രവര്‍ത്തകര്‍ അതുവഴി വന്ന ബിസ്‌കറ്റ് കമ്പനിയുടെ വാഹനത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിക്കുന്നു.

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം പുഷ്പന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പുഷ്പനെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴി കല്ലും മരങ്ങളും വച്ച് ഗതാഗതം തടസപ്പെട്ടിരുന്നു.

ചോരപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വഴിയിലെ തടസങ്ങള്‍ നീക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പുഷ്പന് സുഷുമ്നാ നാഡിക്ക് വെടിയേറ്റതായും കഴുത്തിന് താഴെ ചലനശേഷി ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. പുഷ്പന്‍ ഒഴികെ ബാക്കിയുള്ളവര്‍ പാര്‍ട്ടിയ്ക്കായി ധീര രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി അവശേഷിച്ചു.

1997ല്‍ കൂത്തുപറമ്പ് വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ഇടതുസര്‍ക്കാര്‍ നിയോഗിച്ച പത്മനാഭന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം എംവി രാഘവന്‍, ഡെപ്യൂട്ടി കളക്ടര്‍ ടിടി ആന്റണി, ഡിവൈഎസ്പി അബ്ദുള്‍ ഹക്കീം ബത്തേരി, എസ്പി രവത ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതികളായി. തുടര്‍ന്ന് എംവിആര്‍ അറസ്റ്റിലാകുന്നു. സുപ്രീം കോടതി വരെ എത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു.

സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധ സമരത്തെ തുടര്‍ന്ന് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരിക്കുമ്പോള്‍ തന്നെ പില്‍ക്കാലത്ത് സിപിഎം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണം സിപിഎം തിരിച്ചുപിടിക്കുമ്പോഴും ചൊക്ലിയിലെ വീട്ടിലെ കട്ടിലില്‍ ഒന്ന് തിരിഞ്ഞുപോലും കിടക്കാനാവാതെ പുഷ്പനുണ്ടായിരുന്നു.

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് സിപിഎം എംവിആറിനെ ധീര വിപ്ലവകാരിയായി പ്രഖ്യാപിക്കുമ്പോഴും കഴുത്തിന് താഴോട്ട് ചലനം നഷ്ടപ്പെട്ട പുഷ്പന്റെ കണ്ണുകള്‍ നിറഞ്ഞില്ല. ആ നാവില്‍ നിന്ന് പാര്‍ട്ടി വിരുദ്ധമായി ഒരു വാക്കുപോലും പുറത്തുവന്നില്ല. എംവി നികേഷ് കുമാറിന് പാര്‍ട്ടി നിയമസഭ സീറ്റ് നല്‍കിയപ്പോഴും പുഷ്പന്‍ പാര്‍ട്ടിയോട് പരിഭവപ്പെട്ടില്ല, പരാതി പറഞ്ഞില്ല.

പുഷ്പന്‍ സിപിഎമ്മിന്റെ ധീരനായ പ്രവര്‍ത്തകനായി തന്നെ ജീവിച്ചു. പാര്‍ട്ടിയുടെ നിലപാടുകള്‍ പുഷ്പന് ജീവശ്വാസമായിരുന്നു. ഒരു ഘട്ടത്തിലും തന്റെ പരമാത്മാവായ പാര്‍ട്ടിയെ പുഷ്പന്‍ തള്ളിപ്പറഞ്ഞില്ല.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍