എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.

അപ്പീലിൽ സംസ്ഥാന സർക്കാരും സിബിഐയും ഡിവിഷൻ ബെഞ്ചിൽ നിലപാട് അറിയിക്കും. വസ്തുതകൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് വിധിയെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പ്രധാന വാദം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുകളുണ്ട്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നുമാണ് കുടുംബത്തിന്റെ വാദം.

ഭരണകക്ഷി നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. അപൂർവ്വ സാഹചര്യമാണ് കേസിലുള്ളത്. നവീൻ ബാബുവിന്റെ മരണത്തിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴി ഉത്തരം ലഭിച്ചില്ല. ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്മേൽ സംശയമുയർത്തുന്നു.

Read more

മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് ശരിയായ രീതിയിലായിരുന്നില്ല. ആത്മഹത്യയെങ്കിൽ ഉമിനീര് പുറത്തുവരുമായിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് ഇക്കാര്യത്തിലും നിശബ്ദത പാലിക്കുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം. കേസ് ഡയറിയും ഇൻക്വസ്റ്റ് റിപ്പോർട്ടും സിംഗിൾ ബെഞ്ച് ശരിയായി പരിശോധിച്ചില്ല. കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണ് എന്നുമാണ് കെ മഞ്ജുഷയുടെ അപ്പീലിലെ വാദം.