ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമം; എറണാകുളം കളക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍

എറണാകുളം കളക്ടറേറ്റില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. പള്ളുരുത്തി സ്വദേശി ഷീജയാണ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ പ്രവേശിച്ച ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം നടന്നത്. ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട വിഷയമാണ് ഷീജയെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ചത്.

ഷീജയുടെ എന്‍ജിനീയറിംഗ് ലൈസന്‍സില്‍ പള്ളുരുത്തിയില്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് പെര്‍മിറ്റെടുത്തിരുന്നു. തുടര്‍ന്ന് നിര്‍മ്മാണെ പുരോഗമിച്ചപ്പോള്‍ ഇത് കൊമേഷ്യല്‍ ബില്‍ഡിംഗ് ആക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഷീജ സംഭവത്തെ എതിര്‍ത്തു. ഇതോടെ മറ്റൊരാളെ ഉപയോഗിച്ച് തുടര്‍നടപടികള്‍ പൂര്‍ത്തിയായി.

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടായതോടെ ഷീജയുടെ എന്‍ജിനീയറിംഗ് ലൈസന്‍സ് റദ്ദാക്കിയതായാണ് വിവരം. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ആത്മഹത്യശ്രമം ഉണ്ടായത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും തന്നെ കുടുക്കിയതാണെന്നുമാണ് ഷീജയുടെ ആരോപണം.

Read more

ഉച്ചയോടെ ഓഫീസിലെത്തിയ ഷീജ ദേഹത്ത് പെട്രോള്‍ ഒഴിച്ചതോടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് ഷീജയെ തടയുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷീജയെ ആശുപത്രിയിലേക്ക് മാറ്റി.