തൃശൂരില്‍ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു; നാല് പേര്‍ക്ക് പരിക്ക്, ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍ കൈപ്പറമ്പില്‍ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

തിരുവാണിക്കാവ് ക്ഷേത്രത്തിലെ പൂരത്തോട് അനുബന്ധിച്ചുള്ള എഴുന്നെള്ളിപ്പിനിടെയാണ് ആന വിരണ്ടോടിയത്. ഇതോടെ പരിഭ്രാന്തിയിലായ ജനക്കൂട്ടം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ശബരിനാഥ് എന്ന ആനയാണ് എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞത്. ജനങ്ങള്‍ കൂട്ടത്തോടെ ഓടിയതോടെ പലര്‍ക്കും മറിഞ്ഞുവീണും ചവിട്ടേറ്റുമാണ് പരിക്കേറ്റത്.

Read more

പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് വ്യാപാരികളാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് സമീപത്ത് കടകള്‍ നടത്തിയിരുന്നവര്‍ക്ക് സംഭവിച്ചത്.