മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് ഒരു കറക്ക് കമ്പനിയാണെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്. വീണ വിജയന്‍ ഒരു ഫാക്ടര്‍ അല്ല. മുഖ്യമന്ത്രിയുടെ മകള്‍, റിയാസിന്റെ ഭാര്യ എന്നീ നിലയില്‍ ആണ് പണമിടപാട് നടത്തിയിരിക്കുന്നതെന്ന് അദേഹം ആരോപിച്ചു. ഉടന്‍ തന്നെ മാസപ്പടി കേസില്‍ മുഖ്യമന്ത്രിയിലേക്കടക്കം അന്വേഷണം വരുമെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസില്‍ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തുവെന്നുള്ള മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷോണ്‍. കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ഗൃഹപാഠം ചെയ്തിട്ടാണെന്നും ഷോണ്‍ പറഞ്ഞു. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് കേസ് ഫയല്‍ ചെയ്തത്. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ തന്നെ ശുഭ പ്രതീക്ഷയായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു.
സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്ത വാര്‍ത്ത ഇന്നാണ് പുറത്തുവന്നത് . ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്.എഫ്.ഐ.ഒ.) ഹാജരായാണ് വീണ മൊഴി നല്‍കിയത്. ചെന്നൈയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് വീണ ഹാജരായത്.
എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്. മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
Read more
മാസപ്പടിക്കേസില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.