ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡിഎ, ഡിആര്‍ അനുവദിച്ചു; അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിതുടങ്ങും; സര്‍ക്കാരിന് 2000 കോടിയുടെ അധികബാദ്ധ്യത

സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിതുടങ്ങും.

ഒരു ഗഡു ഡിഎ, ഡിആര്‍ ഈവര്‍ഷം ഏപ്രിലില്‍ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡിഎ, ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തില്‍ നടപ്പാക്കിയിരുന്നു.

ഡിഎ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ പണമായും നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികൂല സമീപനങ്ങള്‍ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് കാലതാമസത്തിന് കാരണമായി. ജീവനക്കാരുടെയേും പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.