കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. 374 കമ്പനികള്‍ നിക്ഷേപ താത്പര്യ കരാറില്‍ ഒപ്പിട്ടതായി മന്ത്രി അറിയിച്ചു. 24 ഐടി കമ്പനികള്‍ നിലവിലുള്ള സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിക്ഷേപകരില്‍ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണിത്. നിക്ഷേപ സൗഹൃദ ഐക്യ കേരളമായി നാട് മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തില്‍ നിക്ഷേപങ്ങള്‍ക്ക് ഹിഡന്‍ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം വിദ്യാഭ്യാസ കോഴ്സുകളില്‍ മാറ്റം വരുത്താം. കേരളത്തിന്റെ തൊഴില്‍ സംസ്‌കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.
5000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചു. 15000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ അഞ്ച് വര്‍ഷത്തില്‍ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഐടി ടവര്‍, ഗ്ലോബല്‍ സിറ്റി, ഫുഡ് പ്രൊസസിംഗ് പാര്‍ക്ക് എന്നിവ പുതിയ സംരംഭങ്ങളില്‍പ്പെടും.
Read more
അദാനി ഗ്രൂപ്പും ലുലു ഗ്രൂപ്പും ആസ്റ്റര്‍ ഗ്രൂപ്പും കഴിഞ്ഞ ദിവസം തന്നെ വമ്പന്‍ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേര്‍ക്കാനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ എത്തുന്ന നിക്ഷേപകര്‍ക്ക് സാങ്കേതികമായ പ്രതിസന്ധികള്‍ ഉണ്ടാകില്ലെന്നും നിക്ഷേപകര്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിക്ഷേപക സൗഹൃദം ഒരുക്കുന്നതില്‍ സര്‍ക്കാറിന് വലിയ പങ്കുണ്ടെന്നും കേരള ആഗോള നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.