'കളമശ്ശേരിയിൽ ലഹരി പിടികൂടാൻ സഹായകമായത് വിദ്യാർത്ഥികളും കോളേജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടന'; ആർ ബിന്ദു

കളമശ്ശേരിയിൽ ലഹരി പിടികൂടാൻ സഹായകം ആയത് വിദ്യാർത്ഥികളും കോളേജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടനയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വി ക്യാൻ എന്ന സംഘടനയ്ക്ക് ലഭിച്ച വിവരമാണ് വഴിത്തിരിവായതെന്നും സംഭവത്തിൽ വിദ്യാർത്ഥികൾക്ക് പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത് ആറുമാസമായി അവിടെ നടത്തുന്ന പ്രവർത്തനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിക്കെതിരായ പ്രതിരോധ സേനയായി വിദ്യാർത്ഥികൾക്ക് പ്രവർത്തിക്കാനാകുമെന്നും എല്ലാ ക്യാമ്പസിലും ഇത്തരത്തിലുള്ള സോഴ്സുകൾ ഉണ്ടെങ്കിൽ അത് അറിയിക്കുന്നതിന് വിദ്യാർഥികൾക്ക് പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് സംഭവത്തെ സംബന്ധിച്ച് ലഭിച്ചുവെന്നും സിറ്റർ ജോയിൻ ഡയറക്ടർ ആണ് റിപ്പോർട്ട് തന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം കേസിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്നും ലഹരിയുടെ വിവരങ്ങൾ വിദ്യാർത്ഥികൾ കൈമാറണമെന്നും ആർ ബിന്ദു കൂട്ടിച്ചേര്‍ത്തു. അതേസമയം ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാമ്പയിൻ തുടക്കം കുറിക്കുന്നതെന്നും ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നതാണ് ക്യാമ്പയിൻ എന്നും മന്ത്രി അറിയിച്ചു.