ബല്‍റാമിനോട് ഷംസീര്‍; 'ഫെയ്‌സ്ബുക്ക് ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ രാഷട്രീയ രംഗത്തുണ്ടാകുമായിരുന്നില്ല'

എ.കെ.ജിയെ അപമാനിക്കാനുള്ള ശ്രമം വി.ടി ബല്‍റാമിന്റെ ചീപ്പ് പബ്ലിസിറ്റി നേടാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. സൗത്ത് ലൈവിനോട് പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ കാണിക്കേണ്ട സാമാന്യ മാന്യത പോലും കാണിക്കാന്‍ കഴിയാത്ത നേതാവാണ് ബല്‍റാം. എ.കെ.ജി തീഷ്ണമായ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് ജനങ്ങളുടെ നേതാവായത്. ബല്‍റാം നവമാധ്യമത്തിലൂടെ രാഷട്രീയത്തില്‍ എത്തിയ ആളാണ്. ഫെയ്‌സ്ബുക്ക് എന്ന നവമാധ്യമം ഇല്ലായിരുന്നെങ്കില്‍ ബല്‍റാം ഇന്ന് രാഷട്രീയം രംഗത്തുണ്ടായിരിക്കില്ലായിരുന്നെന്നും ഷംസീര്‍ പറഞ്ഞു.

എ.കെ ജി. ആരാണെന്ന് ബല്‍റാമിന് അറിയില്ലെങ്കില്‍ മുതിര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്നായി അറിയാം. കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ ആദ്യ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന്റെ അടുത്ത സുഹൃത്തും കൂടിയായിരുന്ന എ.കെ.ജി ആദ്യത്തെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നുവെന്ന് ബല്‍റാം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും ഷംസീര്‍ പറഞ്ഞു.

വി.ടി ബല്‍റാമിന് കൊടുക്കേണ്ട മറുപടി ഇങ്ങനെയല്ല എന്നു നന്നായറിയാം. പക്ഷെ അത്തരത്തിലുള്ള ഭാഷയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് ബല്‍റാമിന്റെ സംസ്‌ക്കാരമല്ല എന്റേതെന്നുകൊണ്ടാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് അടിയന്തരമായി അഭിപ്രായം പറയണം. ജീവിതത്തില്‍ ഒരു ത്യാഗവും ചെയ്യാത്ത നേതാവായ ആളാണ് ബല്‍റാം. എന്നാല്‍ എ.കെ.ജി അങ്ങനെയല്ല.

ഒരു സുപ്രഭാതത്തില്‍ നേതാവായ ആളല്ല എ.കെ.ജി. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് വളര്‍ന്നുവന്നയാളാണ് എ.കെ.ജി. അവസരവാദ രാഷട്രീയത്തിന്റെ വക്താവായ ബല്‍റാമിന് അത് മനസിലാവില്ല. ചരിത്രം ഇടയ്‌ക്കൊന്നു മറിച്ചു നോക്കുന്നത് നല്ലതായിരിക്കുമെന്നും ഷംസീര്‍ പറഞ്ഞു