കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ അനന്തുകൃഷ്‌ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്ത്രീകൾക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന് വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്‌റ്റിലായ പ്രതി അനന്തുകൃഷ്‌ണൻ്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. അനന്തുകൃഷ്‌ണൻ്റെ പേരിൽ ഇടുക്കിയിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉള്ളതായും കണ്ടെത്തിയുണ്ട്. സിഎസ്ആർ ഫണ്ടിന്റെ മറവിൽ 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തി.

സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകുമെന്ന് വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുടയത്തൂർ സ്വദേശി അനന്തുകൃഷ്‌ണനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അതേ സമയം, അനന്തുകൃഷ്‌ണൻ്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും.

കോട്ടയം പാലായിലും അനന്തുകൃഷ്‌ണൻ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാർഥിയുടെ സഹായിയായി മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് ആളുകളുമായി പരിചയം സ്ഥാപിച്ച അനന്തകൃഷ്ണൻ പാലായിലും നിരവധി ആളുകളിൽ നിന്നുമായി കോടികൾ തട്ടിയതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിജെപി നേതാവ് പ്രൊഫ. ജെ പ്രമീള ദേവിയുടെ സഹയാത്രികനായി ഇയാൾ രണ്ടാഴ്‌ചയോളം മണ്ഡലത്തിൽ ചുറ്റി സഞ്ചരിച്ചിരുന്നു. എന്നാൽ ഇയാൾക്ക് പ്രത്യേക തെരഞ്ഞെടുപ്പ് ചുമതലകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.

Read more

പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ അധ്യാപികയും ജീവനക്കാരും ഉൾപ്പെടെ നിരവധി സ്ത്രീകളിൽനിന്ന് വാഹനം നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയെടുത്ത്. 60,000 രൂപ വീതമാണ് അനന്തു കൃഷ്‌ണൻ കൈക്കലാക്കിയത്. അന്തീനാട് ഭാഗത്ത് ഇരുപതിലേറെ പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായി. 2024 ജൂലൈ 19ന് ഈരാറ്റുപേട്ടയിൽ യോഗം വിളിച്ച് ചേർത്താണ് ഇയാൾ ഇരകളെ തട്ടിപ്പിന് ഇരയാക്കിയത്. നിരവധി ബിജെപി, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഈരാറ്റുപേട്ടയിലെ യോഗത്തിൽ ഇയാൾക്കൊപ്പം പങ്കെടുത്തിരുന്നതായും തട്ടിപ്പിന് ഇരയായവർ പറയുന്നു.