കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലിയും യാഗവും നടത്തിയെന്ന വിവാദ പ്രസ്താവനയിലുറച്ച് ഡികെ ശിവകുമാര്‍. കോണ്‍ഗ്രസിനെതിരെ പൂജ നടത്തിയത് ആരാണെന്ന് കാലം തെളിയിക്കുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. തന്നെ അനുഗ്രഹിക്കാന്‍ ജനങ്ങളുണ്ടെന്നും ഡികെ കൂട്ടിച്ചേര്‍ത്തു.
തനിക്കൊപ്പം ജനങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകുമെന്നും ശിവകുമാര്‍ അറിയിച്ചു. എന്നാല്‍ ഡികെ ശിവകുമാറിന്റെ ആരോപണങ്ങള്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ തള്ളി. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യങ്ങളാണ് ആരോപണമെന്ന് മന്ത്രി പറഞ്ഞു. ഇതേ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡികെ ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിട്ടുണ്ട്. ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്നതാണ് പ്രസ്താവനയെന്നും ഗോവിന്ദന്‍ പറഞ്ഞു. രാജരാജേശ്വരി ക്ഷേത്രം മന്ത്രവാദ പൂജകള്‍ നടക്കുന്ന സ്ഥലമല്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലിയും യാഗവും നടത്തിയെന്നായിരുന്നു ശിവകുമാറിന്റെ പ്രസ്താവന. ആരാണ് ഇത് ചെയ്തതെന്ന് തനിക്ക് അറിയാം. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഇതൊന്നും ബാധിക്കില്ലെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.