അനീറ വീണ്ടും സ്‌കൂളിലേക്ക്; ദയാവധത്തിനായി അപേക്ഷ നല്‍കാന്‍ എത്തിയ അധ്യാപികയ്ക്ക് വീണ്ടും നിയമനം

ട്രാന്‍സ് ജെന്‍ഡര്‍ വനിതയായി ജീവിക്കാനാകില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കിയ അധ്യാപികയ്ക്ക് വീണ്ടും നിയമനം. പാലക്കാട് ഒറ്റപ്പാലം സ്വദേശിനി അനീറ കബീറാണ് അധ്യാപികയയായി ജോലിയില്‍ വീണ്ടും പ്രവേശിക്കുന്നത്. നവംബര്‍ ഒന്നിന് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച അനീറ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള അപമാനത്തെ തുടര്‍ന്നാണ് ഒന്നര മാസത്തിന് ശേഷം ജോലി അവസാനിപ്പിക്കേണ്ടി വന്നത്.

സോഷ്യോളജി ജൂനിയര്‍ തസ്തികയില്‍ താത്കാലിക അധ്യാപികയായി ചെര്‍പ്പുളശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരികെ ജോലിക്കു ചേരണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചത്. ട്രാന്‍സ് വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന സുപ്രീംകോടതി വിധി പാലിക്കുന്നില്ലെന്നാണ് അനീറയുടെ പരാതി. പതിനാല് സ്‌കൂളുകളില്‍ കൂടിക്കാഴ്ചയ്ക്ക് ചെന്നെങ്കിലും പലരും ജോലി നിഷേധിക്കുകയാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

ടാന്‍സ് വനിതയായി ജീവിക്കാനാകില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ തേടി ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചതോടെയാണ് അനീറയുടെ കഥ പുറത്തറിഞ്ഞത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറോട് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അനീറ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്.