അനിത പുല്ലയിലിനെ ലോക കേരള സഭയിലേക്ക് ക്ഷണിച്ചിട്ടില്ല; പ്രതികരണവുമായി പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരത്ത് നടന്ന മൂന്നാമത് ലോക കേരളസഭയിലേക്ക് മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തും പ്രവാസിയുമായ അനിത പുല്ലയില്‍ എത്തിയത് വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നോര്‍ക്കയുടെ വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. അനിതയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവരെത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അനിത പരിപാടിയില്‍ പങ്കെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് അനിത പുല്ലയില്‍ ലോകകേരള സഭ സമ്മേളന പരിപാടികള്‍ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത്. സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു. എന്നാല്‍ അവരുടെ പേര് പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ല.

പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അനിത പുല്ലയില്‍ അംഗമായിരുന്നു. സമ്മേളനം കഴിഞ്ഞ് മാധ്യമങ്ങള്‍ ചുറ്റും കൂടിയപ്പോഴേക്കും അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തില്‍ നിന്ന് വാച്ച് ആന്റ് വാര്‍ഡ് പുറത്താക്കി. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read more

ലോക മലയാളി സഭ നടക്കുന്ന രണ്ട് ദിവസവും പരിപാടി നടക്കുന്ന ശങ്കരനാരായണ്‍ തമ്പി ഹാളിന് പുറത്ത് അനിതാ പുല്ലയില്‍ ഉണ്ടായിരുന്നു. ഇവര്‍ പ്രതിനിധികള്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. നിയമസഭാ ടി വിയുടെ റൂമിലാണ് ഇവര്‍ ഇരുന്നിരുന്നത്. അവിടെ വച്ചാണ് വാച്ച് ആന്റ് വാര്‍ഡ് എത്തി ഇവരെ പുറത്താക്കിയത്.