അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ്; ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവ്

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ ചെന്നൈ പൊ ലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഡോ അരുൺ ഐപിഎസിന് എതിരെയാണ് നടപടി എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

കേസിൻ്റെ എഫ്ഐആർ ചോർന്നതിനെതിരെയാണ് പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും പൊലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കേസിന്റെ എഫ്ഐആര്‍ ചോര്‍ന്നത് പൊലീസിന്റെ കൈയില്‍ നിന്നാണെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ കുറിച്ച് മോശമായി സംസാരിക്കാന്‍ ആര്‍ക്കും അവകാശമില്ല. പുരുഷ സുഹൃത്തിനൊപ്പം സമയം ചിലവിടുന്നത് അവളുടെ അവകാശമാണെന്നും കോടതി പറഞ്ഞു.

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പോകരുതെന്ന് സര്‍വകലാശാലയ്ക്ക് പറയാനാകില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് അസംബന്ധ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. സദാചാര പൊലീസ് കളിക്കേണ്ടെന്നും കോടതി താക്കീത് ചെയ്തു. പെണ്‍കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നും കോടതി കുറ്റപ്പെടുത്തി. പൊലീസിന് ക്യാംപസില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും അതേസമയം പ്രതിക്ക് പൂര്‍ണസ്വാതന്ത്യം നല്‍കിയിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

Read more