ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ആനി രാജ പറഞ്ഞു. വിവേചനം നേരിട്ട വിഷയം ഗൗരവത്തിലെടുക്കേണ്ടതാണെന്നും ആനി രാജ വ്യക്തമാക്കി.
കേരളത്തില്‍ അത്തരമൊരു അനുഭവമുണ്ടായെന്നത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. സമൂഹത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ, കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നവിധത്തില്‍ ആഴത്തിലുള്ളതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയെപ്പോലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിക്കുനേരേയാണ് ഇത്തരം പരാമര്‍ശങ്ങള്‍.
പരാമര്‍ശങ്ങള്‍ക്ക് പിന്നിലുള്ള വ്യക്തി തീരെ വിദ്യാഭ്യാസം കുറഞ്ഞയാളാകണമെന്നില്ല. നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത് ദളിതരും പിന്നാക്കവിഭാഗങ്ങളുമാണെന്നും ആനി രാജ അഭിപ്രായപ്പെട്ടു. അതേസമയം സമൂഹത്തില്‍ കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുകയാണെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ തുറന്നു പറച്ചില്‍ നല്ലതാണെന്നും ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം. നിറവും ജാതിയും സമൂഹത്തില്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് വിധേയമാണെന്നും കറുപ്പ് മോശമാണെന്ന് പറയുന്നത് ഇവിടെ ആധിപത്യം സ്ഥാപിച്ചവരാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം അവര്‍ നമ്മളോട് വെളുപ്പാണ് ശരിയെന്ന് പറഞ്ഞുവെന്നും അതുകൊണ്ടാണ് എല്ലാവരും വെളുക്കാന്‍ ആഗ്രഹിച്ചതെന്നും കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.