സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെയുള്ള തിയതികളില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്രായോഗിക വസ്തുതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായി പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയില്‍ സംസ്ഥാനത്തെ കുട്ടികള്‍ പുറത്താകാതിരിക്കുക എന്നതാണ് ലക്ഷ്യം. ഏപ്രില്‍, മെയ് മാസത്തില്‍ അധ്യാപക പരിശീലനം ഉള്‍പ്പടെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതും കൂടി കണക്കിലെടുത്താണ് തിയതികള്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസത്തിലാണ് നടക്കുന്നത്.
ജെ.ഇ.ഇ പരീക്ഷകളെ തുടര്‍ന്ന് പ്ലസ്ടു പരീക്ഷ തിയതികളില്‍ മാറ്റം വരുത്തിയതോടെ മാര്‍ച്ച് 30 ന് തുടങ്ങുന്ന പരീക്ഷ ഏപ്രില്‍ 26നോടെയാണ് അവസാനിക്കുക. എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് 31 ന് തുടങ്ങി ഏപ്രില്‍ 29ന് അവസാനിക്കും.
അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇതിനായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയും രൂപീകരിച്ചു. കാലികമായി പാഠ്യപദ്ധതി പുതുക്കേണ്ടത് സമൂഹത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് അനിവാര്യമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാണ് പാഠ്യപദ്ധതി നവീകരിക്കുക. ലിംഗ സമത്വം, ഭരണഘടന, മതനിരപേക്ഷത, കാന്‍സര്‍ അവബോധം, സ്‌പോര്‍ട്‌സ്, കല തുടങ്ങിയവയെല്ലാം കമ്മിറ്റി ചര്‍ച്ച ചെയ്യും. സമൂഹത്തിന്റെ അഭിപ്രായങ്ങളും ഈ കാര്യങ്ങളില്‍ സ്വീകരിക്കും.കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി പൊതുവിദ്യാഭ്യാസമന്ത്രിയും കരിക്കുലം കോര്‍ കമ്മിറ്റി ചെയര്‍മാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണുണ്ടാവുക.