വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. സുൽത്താൻബത്തേരി കല്ലൂർ കല്ലുമുക്കിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ രാജു(52)മരിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച്‌ചയാണ് രാജുവിനെ കാട്ടാന ആക്രമിക്കുന്നത്. കൃഷിയിടത്തിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന രാജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വയലിന് സമീപത്തുനിന്നിരുന്ന കാട്ടാന പെട്ടെന്ന് രാജുവിനുനേരേ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. വയറിനും കാലുകൾക്കും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജുവിന് തിങ്കളാഴ്‌ച രാവിലെ ശസ്ത്രക്രിയ നടത്തിയിരുന്നു.

കാട്ടാന ആക്രമണം പതിവാകുമ്പോൾ വയനാട്ടിലെ ജനങ്ങൾ ഭീതിയിലാണ്. കാട്ടാനശല്യം രൂക്ഷമായതിലും രാജുവിനുനേരേ ആക്രമണമുണ്ടായതിലും പ്രതിഷേധിച്ച് തിങ്കളാഴ്‌ച രാവിലെ കല്ലൂരിൽ നാട്ടുകാർ പ്രതിഷേധിച്ചു.

Read more