അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകന്‍ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് മരണം. കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
ഈ മാസത്തെ രണ്ടാമത്തെ ശിശുമരണമാണിത്. ഓഗസ്റ്റ് 8ന് ഒരു പെണ്‍കുഞ്ഞ് മരിച്ചിരുന്നു. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം.
അട്ടപ്പാടിയിലെ ശിശു മരണം നേരത്തെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന സംഭവത്തെ തുടര്‍ന്നായിരുന്നു പ്രതിപക്ഷ നീക്കം.