സാജന്റെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ കേസ് എടുത്തത്.

കേസില്‍ കക്ഷി ചേരാന്‍ സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത്ത് നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. സഹോദരന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പങ്കുണ്ടെന്നും കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയാമെന്നും ഈ കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ തന്നെ കേസില്‍ കക്ഷിയാക്കണമെന്നുമാണ് ശ്രീജിത്ത് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്നും നിര്‍മ്മാണത്തിലെ അപാകതകളടക്കം പലപ്പോഴായി അപേക്ഷകനെ അറിയിച്ചിരുന്നെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.