ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇടുക്കി ഡി.സി.സി അദ്ധ്യക്ഷന്‍ സി.പി മാത്യുവിനെതിരെ കേസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി സി.പി.എമ്മില്‍ ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമ്പോഴായിരുന്നു പരാമര്‍ശം. യു.ഡി.എഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ്.
കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ടു കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയും ഉയര്‍ത്തിയായിരുന്നു സി.പി മാത്യുവിന്റെ പ്രസംഗം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കുമെന്നും ഭീഷണി മുഴക്കി.
സംഭവത്തിന് പിന്നാലെ മാത്യൂവിനെതിരെ സി.പി.എം ജില്ല നേതൃത്വവും രംഗത്ത് വന്നിരുന്നു. രാജി ചന്ദ്രന് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം നല്‍കും. സി.പി മാത്യൂവിന്റെ പരാമര്‍ശങ്ങള്‍ മ്ലേച്ഛവും പ്രതിഷേധാര്‍ഹവുമാണെന്നും സി.പി.എം വ്യക്തമാക്കി. എന്നാല്‍ തന്റെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് സി.പി മാത്യുവിന്റെ വിശദീകരണം.