പുരാവസ്തു തട്ടിപ്പ് കേസ്; ഐ.ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ നീട്ടി

ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ലക്ഷ്മണയ്ക്ക് എതിരെയുള്ള വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചത്.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി വേണ്ടിവരുമെന്ന് ഇന്റലിജന്‍സ് എഡിജിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നത് ശരിയല്ലെന്ന് സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുന്ന കമ്മിറ്റി വിലയിരുത്തുകയായിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് യോഗം ചേര്‍ന്ന് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

സമിതിയുടെ ശിപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രി 90 ദിവസത്തേക്ക് കൂടി സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഐ.ജി ലക്ഷ്മണയും മോന്‍സന്‍ മാവുങ്കലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ പത്തിനാണ് ഐ.ജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥന് മോന്‍സനുമായി അടുത്ത ബന്ധം കണ്ടെത്തിയിട്ടും എന്ത് കൊണ്ട് അദ്ദേഹത്തെ പ്രതി ചേര്‍ത്തില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിനെ അറിയിച്ചത്.