കെ പി സി സി നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ കെ ആന്റണി ഉന്നയിച്ച വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൂടെ മനസറിഞ്ഞുകൊണ്ടാണെന്ന് സൂചന. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഏ കെ ആന്റെണിയും തമ്മിലുള്ള ആശയവിനിമയത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി അധ്യക്ഷന്റെയും പ്രവര്‍ത്തനശൈലിക്കെതിരെ ഏ കെ ആന്റെണി ആഞ്ഞടിച്ചത്. കെ സുധാകരന്‍ ആന്റെണിയുടെ ടാര്‍ജറ്റ് ആയിരുന്നില്ല, വി ഡി സതീശനെതിരെയാണ് യഥാര്‍ത്ഥത്തില്‍ ആന്റെണി വിരല്‍ ചൂണ്ടിയിരുന്നത്.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഇപ്പോഴത്തെ നേതൃത്വത്തെ തിരുത്താന്‍ കഴിയുന്ന ഒരു സീനിയര്‍ നേതാവിന്റെ അഭാവം കേരളത്തില്‍ നന്നായുണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമന്‍ഡിന് തന്നെ ബോധ്യമായി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യം ആര് സംസാരിക്കണമെന്ന കാര്യത്തില്‍ വി ഡി സതീശനും കെ സുധാകരനും തമ്മില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചു നടന്ന തര്‍ക്കം വിജയത്തിന്റെ ശോഭ കെടുത്തിയെന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു നേതാക്കള്‍ക്കിടയിലുണ്ടായ സംഭവം വളരെ തെറ്റായ സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നല്‍കിയതെന്നും ഏ കെ ആന്റെണി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും കെ സി വേണുഗോപാലിനെയും അറിയിച്ചിരുന്നു.
അതോടൊപ്പം കേരളത്തിലേക്ക് ഹൈക്കമാന്‍ഡ് നിയോഗിച്ച തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ സുനില്‍ കനിഗോലുവിന്റെ റിപ്പോര്‍ട്ട്് ഇപ്പോഴത്തെ നേതൃത്വത്തിന്റെ വീഴ്ചകളെയും അപാകതകളെയും ചൂണ്ടിക്കാണിക്കുന്നതാണ്. പിണറായി സര്‍ക്കാരിനെതിരായ ജനവികാരം മുതലാക്കാനുള്ള കഴിവ് ഇപ്പോഴത്തെ സംഘടനാ നേതൃത്വത്തിനില്ലായെന്നും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വലിയ പരാജയമാണെന്നും സുനില്‍ കനിഗോലു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിലും സുനില്‍ കനിഗോലു പങ്കെടുത്തിരുന്നു.
മകന്‍ ബി ജെ പി ഭാരവാഹിയായെങ്കിലും കേരളാ കാര്യങ്ങളില്‍ ഏ കെ ആന്റെണിയെ ഇപ്പോഴും ഹൈക്കമാന്‍ഡ് വിശ്വാസത്തിലെടുക്കുന്നുണ്ട്. ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഏ കെ ആന്റെണിയുമായി കേരളത്തിലെ കോണ്‍ഗ്രസ് വിഷയങ്ങളില്‍ കൃത്യമായ ആശയവിനിമയം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി ഡി സതീശന്റെ പ്രവര്‍ത്തന ശൈലിയോട് ആന്റെണിക്കും, കെ സി വേണുഗോപാലിനും ഒരു അസംതൃപ്തിയുണ്ട്്.സുനില്‍ കനിഗോലുവിന്റെ റിപ്പോര്‍ട്ട് വന്നതോടെ കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലയില്‍ ഹൈക്കമാന്‍ഡിനും വലിയ നീരസമുണ്ട്.