തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിന് എതിരെയുള്ള വ്യാജ വീഡിയോ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. നികൃഷ്ടവും മ്ലേച്ചവുമായ പ്രവര്‍ത്തന ശൈലിയാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാകാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി കാര്യങ്ങള്‍ വിശദീകരിക്കാനോ ഗുണപരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്താനോ യുഡിഎഫിന് കഴിയാറില്ല. അവരുടെ ഈ അവസര വാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്നും വിജയരാഘവന്‍ പറഞ്ഞു.
പരമ്പരാഗതമായി യുഡിഎഫിന് പിന്തുണ നല്‍കിയിരുന്ന വലിയൊരു ജനവിഭാഗം ഇപ്പോള്‍ ഇടതുപക്ഷത്തോട് അടുത്ത് വരികയാണ്. ഇതുമൂലമുള്ള മാനസികവിഭ്രാന്തിയാണ് ഇത്തരം വ്യാജ വീഡിയോകള്‍ക്ക് പിന്നിലെന്നും വിജയരാഘവന്‍ ആരോപിച്ചു. കോണ്‍്ഗ്രസ് ദുര്‍ബലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ കെ ആന്റണി ജീവിതകാലം മുഴുവന്‍ ശ്രമിച്ചിട്ടും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഡല്‍ഹിയില്‍ പോയതിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ അവസ്ഥ പരിശോധിക്കണം. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക സാക്ഷിയാകേണ്ടി വന്ന ജീവിതാനുഭവങ്ങളില്‍ നിന്നാകും എ കെ ആന്റണിയുടെ പ്രതികരണമെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
എല്‍ഡിഎഫും ആര്‍എസ്എസും തമ്മില്‍ എഴുതപ്പെടാത്ത കരാറുകള്‍ ഉണ്ടെന്ന് എ കെ ആന്റണി ആരോപിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ഷോക്ക് ട്രീറ്റ്മെന്റാകും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലല്ല മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ജനങ്ങള്‍ ദുരിതത്തിലാണ്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് തൃക്കാക്കര താക്കീത് നല്‍കുമെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളോട് പ്രതിബദ്ധതയില്ലാതെയാണ് മുഖ്യമന്ത്രിയുള്‍പ്പെടെ തൃക്കാക്കര മണ്ഡലത്തില്‍ തമ്പടിച്ചത്. സര്‍ക്കാരിന്റെ ഈ നടപടി ക്രമിനല്‍ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം വികസനവിരോധികളാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ഇല്ലായിരുന്നെങ്കില്‍ കേരളം ഇതിലും നന്നായി മുന്നോട്ട് പോകുമായിരുന്നു എന്നും എകെ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.