ദത്ത് കേസിൽ തുടര്‍ സമര നടപടികള്‍ പ്രഖ്യാപിച്ച് അനുപമ. ഡിസംബര്‍ 10 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് അനുപമ അറിയിച്ചു. നിയമപോരാട്ടം ശക്തമാക്കും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അനുപമ പറഞ്ഞു. കുഞ്ഞുമായി പ്രത്യക്ഷസമരത്തിന് സാധിക്കില്ല. ബാക്കി സമര നടപടികള്‍ ആലോചിച്ച് ശേഷം തീരുമാനിക്കും.
സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഈ വിഷയം കാര്യമായി എടുത്തില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. കേസില്‍ അച്ഛനെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അനുപമ ആരോപിച്ചു. ദത്ത് വിവാദ കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍.
അതേസമയം വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയട്ടില്ലെന്നും, റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിട്ടുണ്ടെന്നും അനുപമ പറഞ്ഞു. റിപ്പോര്‍ട്ട് മുഴുവനായി പുറത്ത് വിടാത്തതില്‍ അനുപമ സംശയം പ്രകടിപ്പിച്ചു.
ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിയ്ക്കും സിഡബ്ല്യുസിയ്ക്കും ഗുരുതര വീഴ്ചകള്‍ പറ്റിയെന്ന് നേരത്തെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി സമിതി മുന്നോട്ട് പോയി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എന്‍ സുനന്ദയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.