നിലമ്പൂര്‍ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോള്‍ ഡിസിസി പ്രസിഡന്റ് വിഎസ് ജോയും ആര്യാടന്‍ ഷൗക്കത്തും ആണ് സ്ഥാനാര്‍ത്ഥികളായി യുഡിഎഫ് പരിഗണനയിലുള്ളത്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുഡിഎഫില്‍ വിഎസ് ജോയ്ക്ക് ആണ് സാധ്യത കൂടുതല്‍.
ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ലെങ്കില്‍ ഷൗക്കത്തിനെ എങ്ങനെ പ്രതിരോധിക്കണമെന്ന ചോദ്യവും യുഡിഎഫിനെ അലട്ടുന്നുണ്ട്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പിവി അന്‍വറിന്റെ നിലനില്‍പ്പിന് ഒരു ചോദ്യ ചിഹ്നമാണ്. നിലവില്‍ വിഎസ് ജോയ്ക്ക് ആണ് പിവി അന്‍വറിന്റെ പിന്തുണ.
പിവി അന്‍വറിനൊപ്പം ചില സംഘടനകള്‍ കൂടി ആര്യാടന്‍ ഷൗക്കത്തിനെതിരെ നിലപാടെടുത്തിട്ടുണ്ട്. അതേസമയം മണ്ഡലത്തില്‍ വിഎസ് ജോയ്ക്ക് വിജയസാധ്യതയുണ്ടെന്നാണ് യുഡിഎഫിന്റെയും വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വറിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം ആണ് തന്റെ രാഷ്ട്രീയ ഭാവിയായി കണക്കാക്കുന്നത്.
പിവി അന്‍വര്‍ നിര്‍ദ്ദേശിക്കുന്ന വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ തനിക്ക് യുഡിഎഫ് മുന്നണിയില്‍ പ്രവേശനം വേണമെന്നാണ് അന്‍വറിന്റെ നിലപാട്. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ അന്‍വറിന്റെ രാഷ്ട്രീയ ഭാവി അനശ്ചിതത്വത്തിലാകുമെന്ന ബോധ്യത്തിലാണ് നിലമ്പൂര്‍ മുന്‍ എംഎല്‍എ.
എന്നാല്‍ പിവി അന്‍വറിനെ മുന്നണയിലെടുക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും യുഡിഎഫിന്റെ ചില സഖ്യകക്ഷികള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതോടകം അതൃപ്തി സംഘടനകളും നേതാക്കളും യുഡിഎഫ് നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിവി അന്‍വറിനെ തള്ളാനും കൊള്ളാനും സാധിക്കാതെ തൃശങ്കുവിലാണ് യുഡിഎഫ് നേതൃത്വം.
ഭരണപക്ഷത്തെ കടന്നാക്രമിക്കാനും പ്രതിച്ഛായയ്ക്ക് കടുത്ത മുറിവേല്‍പ്പിക്കാനും സാധിക്കുന്ന അന്‍വര്‍ എന്ന ആയുധം നഷ്ടപ്പെടുത്താന്‍ യുഡിഎഫ് നേതൃത്വം ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും സഖ്യ കക്ഷികളും നേതാക്കളും കടുത്ത അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ പിവി അന്‍വറിനെ മുന്നണിയിലെടുത്താല്‍ അത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
യുഡിഎഫിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അസംതൃപ്തരെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയാണ് എല്‍ഡിഎഫ്. നിലമ്പൂരിലെ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റില്‍ വിജയം നേടാനായാല്‍ വരാനിരിക്കുന്ന രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കുമായി യുഡിഎഫിന് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.
Read more
പിവി അന്‍വറിനെ നിലവില്‍ പിണക്കിയാല്‍ അന്‍വര്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. അന്‍വര്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ യുഡിഎഫിന് വിജയിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് അന്‍വറിനെ പരിഗണിക്കാനും ഒഴിവാക്കാനും കഴിയാത്ത സാഹചര്യത്തിലാണ് യുഡിഎഫ്.