പി ശശിക്കെതിരെ അൻവർ പരാതി എഴുതി നൽകാതെ അന്വേഷിക്കില്ല; മാധ്യമങ്ങൾ കള്ളവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് എംവി ഗോവിന്ദ‍ൻ

പി ശശിക്കെതിരെ പി വി അൻവർ പരാതി എഴുതി നൽകാതെ അന്വേഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദ‍ൻ. അൻവർ പി ശശിക്കെതിരെ പരാതി എഴുതി നൽകിയിട്ടില്ലെന്നും വാക്കാൽ പറഞ്ഞത് കൊണ്ട് ഒരാൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പരാതി എഴുതി തരണമെന്ന് അൻവറിനോട് പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

പാർട്ടിക്കകത്ത് പരാതി ഉന്നയിക്കുന്ന രീതി വേറെയാണെന്നും എഴുതി നൽകിയ ആരോപണം അന്വേഷിക്കുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു. അതേസമയം എഡിജിപിക്കെതിരെ ഉയർന്നുവന്ന എല്ലാ ആരോപണവും അന്വേഷിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ആരെയും സംരക്ഷിക്കില്ല. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും എം.വി ഗോവിന്ദൻ പറ‌ഞ്ഞു. ആഭ്യന്തര വകുപ്പ് ഭരണകൂടത്തിൻ്റെ ഭാഗമാണെന്നും ഇടതുമുന്നണിയുടെതല്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം മാധ്യമങ്ങൾക്കെതിരെയും എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. മാധ്യമങ്ങൾ കള്ളവാർത്ത പ്രചരിപ്പിക്കുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എഡിജിപിക്കൊപ്പം മുഖ്യമന്ത്രിയുടെ ബന്ധു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന വാർത്ത അസംബന്ധമെന്നും എം വി ഗോവിന്ദൻകുറ്റപ്പെടുത്തി. മാധ്യമ മേഖലയിലെ ചിലർ വാർത്തയുണ്ടാക്കുകയാണ്. അതും സർക്കാർ തീരുമാനവും യോജിക്കാതെ വരുമ്പോൾ പാർട്ടിക്കും സർക്കാരിനും പ്രതിസന്ധിയെന്ന് പറയുന്നു. മാധ്യമങ്ങൾ കഥകൾ മെനയുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Read more