ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ ന്യായീകരിച്ച് കെ. സുധാകരന്‍. തെറ്റ് ആര്‍ക്കും പറ്റാം. എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും സുധാകരന്‍ പറഞ്ഞു.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമര്‍ശിച്ചുളള ബി ബി സിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററിക്കും ബിബിസിക്കും എതിരായ അനില്‍ ആന്റണിയുടെ ട്വീറ്റ് വിവാദമായിരുന്നു. ഇതിനു പിന്നാലെ കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനവും അനില്‍ രാജി വെച്ചിരുന്നു.
ബിബിസി വിവാദത്തിനൊടുവില്‍, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് അനില്‍ ആന്റണി എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടതെന്നും അതും സഹിച്ച് അധികാരങ്ങളില്‍ തുടരേണ്ട ആവശ്യമില്ലെന്നുമാണ് അനിലിന്റെ നിലപാട്.
യോഗ്യതയേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനം. നേതൃത്വത്തിന് ചുറ്റമുള്ളത് അത്തരം സ്തുതിപാഠകരും ശിങ്കിടികളുമാണ്. ആ കൂട്ടമാണ് പാര്‍ട്ടിയെ നയിക്കുന്നത്. തന്റെ നിലപാടിനോട് പ്രതികരിച്ചത് കാപട്യക്കാരാണ്. നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്റെ ജോലികള്‍ തുടരാനാണ് തീരുമാനമെന്നും രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കിയിരുന്നു.