മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ എന്‍.ടി.സാജന്റെ നിയമനം വനം വകുപ്പ് അറിഞ്ഞുതന്നെയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നിയമനം തടഞ്ഞ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നടപടി താത്ക്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെ അറിയിക്കാതെയാണ് ട്രിബ്യൂണല്‍ തീരുമാനമെടുത്തത്. സംഭവത്തില്‍ വനംവകുപ്പ് മേധാവി ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചതായി അറിയില്ല. ഈ മാസം 7 ന് സര്‍ക്കാരിന്റെ അഭിപ്രായം പൊതുഭരണവകുപ്പ് ട്രിബ്യൂണലില്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണ മേഖലയിലെ വനം സര്‍ക്കിള്‍ മേധാവിയായാണ് എന്‍ ടി സാജനെ നിയമിച്ചത്. എന്നാല്‍ നിയമനം ചട്ട വിരുദ്ധമാണെന്ന് മുന്‍ ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നടപടി.
വിഷയത്തില്‍ വനം വകുപ്പിന്റെ അന്വേഷണം അവസാനിച്ചു. ആറ് മാസം മുമ്പ് അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചു. ക്രൈം ബ്രാഞ്ചിന്റേതാണ് അന്തിമ റിപ്പോര്‍ട്ടെന്നും ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലല്ലോ എന്നും മന്ത്രി ചോദിച്ചു.