വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം മാറ്റാന്‍ ഭേദഗതി കൊണ്ടുവരും. മുസ്‌ലിം സമുദായ നേതാക്കളുടെ യോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമനം പിഎസ്‌സിക്ക് വിട്ടത് വൈകാരിക പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ നല്‍കിയ സബ്മിഷന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വഖഫ് നിയമനം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അന്ന് കുഞ്ഞാലിക്കുട്ടി സഭയില്‍ ഉണ്ടായിരുന്നില്ല. വിഷയം ചര്‍ച്ച ചെയ്ത സമയത്ത് ലീഗ് ഉയര്‍ത്തിയ പ്രശ്‌നം നിലവില്‍ ഉള്ളവരുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്നത് മാത്രം ആയിരുന്നു.ആ സംരക്ഷണം ഉറപ്പ് നല്‍കിയിരുന്നു. ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ഘട്ടത്തിലും ആരും പ്രശ്‌നം ഉന്നയിച്ചില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുസ്ലിം സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെന്നും നിയമനത്തിനായി നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെ തുടര്‍ന്ന് വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ മുസ്ലിംസംഘടനകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം.