ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂർ അതിരൂപത. തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’യില്‍ പ്രസ്താവിക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മത തീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർക്കുണ്ടെന്നും അതിരൂപതാ മുഖപത്രത്തിൽ പറയുന്നു.
മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കേണ്ടെ അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങൾ ഉണ്ടെന്ന സുരേഷ്ഗോപിയുടെ പ്രസ്താവനക്കും മുഖപത്രത്തില്‍ വിമർശനമുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്നാണ് ചോദ്യം. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തത് കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നും സുരേഷ് ഗോപിക്ക് പരിഹാസമുണ്ട്.
മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്നും തൃശൂർ അതിരൂപത പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും അതിരൂപത വിമര്‍ശിക്കുന്നു.
Read more
മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരെ ജനം ജാഗരൂകരാണ്. തിരഞ്ഞെടുപ്പിന് മുമ്പ് മത തീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും തൃശൂർ അതിരൂപത മുഖപത്രത്തിലൂടെ വിമർശിക്കുന്നു.