കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയില്‍ കെട്ടിയിരുന്ന കയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന. മണ്ണ് മാറ്റിയുള്ള പരിശോധനയില്‍ ലോറിയിലെ തടി കെട്ടിയിരുന്ന കയറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തട്ടുകടയ്ക്ക് താഴ്ഭാഗത്തുള്ള മണ്ണ് നീക്കിയാണ് നിലവില്‍ പരിശോധന നടത്തുന്നത്. കയര്‍ കണ്ടെത്തിയ സ്ഥലത്ത് ലോറിയുടെ നീളത്തിലാണ് മണ്ണ് നീക്കി പരിശോധന തുടരുന്നത്. അര്‍ജുന്റെ ലോറിയില്‍ 300ലേറെ തടികളുണ്ടായിരുന്നെന്നും അത് കയര്‍ ഉപയോഗിച്ചാണ് കെട്ടിയിരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. കയര്‍ കണ്ടെത്തിയതിന് സമീപത്തായി ലോഹത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്നാണ് വിവരം. രക്ഷാദൗത്യത്തിനായി ബൂം യന്ത്രം ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.